ദോശമണം

120 90

പരിചിതവും അപരിചിതവുമായ ജീവിതാവസ്ഥകളുടെ ഭൂമികയിൽനിന്നും വ്യത്യസ്തമായ 22 കഥകൾ.

32 in stock

ജീവിതത്തിന്റെ നേർകാഴ്ചകൾ സത്യസന്ധമായി പരിചയപ്പെടുത്തുന്ന കഥകളുടെ സമാഹരമാണ് സ്വപ്നരാജിന്റെ ദോശമണം. ജീവിതത്തിന്റെ കാണാപ്പുറങ്ങളിൽ നിന്നുമാണ് ഈ കഥാകാരൻ തന്റെ കഥകളെ കണ്ടെടുക്കുന്നത്. അവ പതിവ് കഥാധാരയിൽനിന്നും വേറിട്ട ഭാവനാതീവ്രമായ ഒരന്തരീക്ഷവും അസാധാരണമായ വായനാനുഭവവും നൽകുന്നു. പരിചിതവും അപരിചിതവുമായ ജീവിതാവസ്ഥകളുടെ ഭൂമികയിൽനിന്നും വ്യത്യസ്തമായ 22 കഥകൾ.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

സ്വപ്‌നരാജ്

പ്രസാധകർ

ഗ്രീൻ പെപ്പെർ പബ്ലിക്ക

1 review for ദോശമണം

  1. Sajan N R

    മൂന്നര വർഷം മുമ്പ് എഴുതിയ കമന്റിൽ നിന്നും റിവ്യൂ തുടങ്ങാം. ബാല്യം എന്ന കഥ വായിച്ചപ്പോൾ എഴുതിയതാണ്, ഇന്നും ആ കഥ വായിച്ചപ്പോൾ മനസ്സിൽ തോന്നിയ കാഴ്ചകൾ അതേപടി മനസ്സിലുണ്ട്. കീറിയ ഉടുപ്പിട്ട, ചൂല് കയ്യിൽ പിടിച്ച കൊച്ചു ചെറുക്കനും, അവന്റെ ദീദിയും, ആ ട്രെയിനും അതിലെ യാത്രക്കാരും. വളരെ സാധാരണമായി ട്രെയിനിൽ കാണുന്ന ഭിക്ഷക്കാരായ കുട്ടികൾ. പക്ഷേ സ്വപ്ന സാറിന്റെ കഥയിലേയ്ക്ക് നിഷ്കളങ്കമായ ചിരി കടന്നു വരുമ്പോൾ അറിയാതെ നമ്മളും ചിരിയ്ക്കും. നനുത്ത നൊമ്പരം ഉള്ളിൽ നീറുന്നത് നമ്മൾ തിരിച്ചറിയില്ലെന്ന് വരാം.

    ഞാൻ കളിയായും കാര്യമായും ‘യാത്രകളിലൂടെ’ യിലെ കഥകൾ വായിക്കുമ്പോൾ പറഞ്ഞിരുന്നതാണ്, സാർ നൊസ്റ്റാൾജിയയുടെ മൊത്തക്കച്ചവടക്കാരനാണെന്ന്. പുസ്തകപ്രകാശനദിവസം, പുസ്തകപരിചയത്തിൽ അങ്ങനെ പറഞ്ഞതിന് എന്നോട് നൊസ്റ്റാൾജിയ നല്ലതല്ലേ എന്ന് ഒരു സദസ്യൻ ചോദിച്ചു. തീർച്ചയായും. നൊസ്റ്റാൾജിയ എന്നാൽ സുഖമുള്ള ഓർമകളുടെ ഭംഗിയുള്ള ചെപ്പാണ്. തുറന്നു നോക്കിയാൽ ബാല്യവും, കൗമാരവും, ആദ്യ പ്രണയവും, കൊച്ചു സന്തോഷങ്ങളും, ഇത്തിരി നൊമ്പരങ്ങളും, കളിപ്പാട്ടങ്ങളും, അച്ഛനും, അമ്മയും, മുത്തശ്ശനും, മുത്തശ്ശിയും ഇതൊക്കെ കഥാകൃത്തിന്റെ അല്ലെങ്കിൽ കഥാപാത്രങ്ങളുടെ മാത്രം നൊസ്റ്റാൾജിയല്ല, എന്റെയും നിങ്ങളുടെയും, ഒട്ടുമിക്ക വായനക്കാരുടെയും ഓർമകളുടെ നിറം മങ്ങിയ ചിത്രങ്ങളിൽ പൊടി പറ്റി കിടക്കുന്നതു തന്നെയാണ്. അത് കൊണ്ട് തന്നെ കഥകൾ വായിക്കുമ്പോൾ നിങ്ങളുടെ കഥകൾ നിങ്ങൾ തന്നെ മൂന്നാമനായി നിന്ന് കാണുന്ന സുഖം അറിയാതെ തന്നെ നിങ്ങൾക്ക് കിട്ടും.

    18th century യിൽ യൂറോപ്പിൽ തുടങ്ങിയ Romanticism എന്ന ശൈലിയുടെ തുടർച്ചക്കാരനാണ് സ്വപ്നരാജ്. ഫേസ്ബുക് രചനകളിലൂടെ പ്രശസ്തയായ ദീപ നിഷാന്തിന്റെ പോലെ ലളിതമായ എന്നാൽ ഹൃദയഹാരിയായ രചനകൾ.ബുക്ക്‌ പ്രസിദ്ധീകരിച്ച അന്ന് ആരോ പറഞ്ഞത് പോലെ Ruskin Bondനെ പോലെ വളരെ സാധാരണമായി തോന്നുന്ന കഥകളെ അതിൽ മനോഹരമായി ഒളിപ്പിച്ചിരിക്കുന്ന ‘allegory’ കൊണ്ട് ആഴമുള്ള ആശയമാക്കി മാറ്റുന്നു. പൂച്ചക്കുഞ്ഞുങ്ങൾ എന്ന കഥയിലെ തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. തിരക്കുള്ള റോഡിലൂടെ പോകുന്ന പൂച്ചയും അതിന്റെ കുഞ്ഞുങ്ങളും ഒരു വശത്ത്, ജീവിതമെന്ന യാത്രയിലെ protagonistഉം അവളുടെ അമ്മയും സഹോദരങ്ങളും ഉൾപ്പെടുന്ന കഥ മറുവശത്തും. റോഡ് കുറുകെ കടക്കുന്ന ആ പൂച്ചക്കുഞ്ഞുങ്ങളുടെ കാഴ്ച ഉള്ളിൽ വ്യക്തമായി കാണാം. ചില നിമിഷങ്ങളിലേയ്ക്ക് എങ്കിലും പിരിമുറുക്കം സൃഷ്ടിക്കുന്ന കഥ.

    പതി എന്ന കഥയിലെ ഒരു ഡയലോഗ് ഉണ്ട്. ‘പെൺകുട്ടികൾ പതിയ്ക്ക് പുറത്ത്’. രണ്ടര കൊല്ലം മുമ്പ് ആ കഥ എഴുതുമ്പോൾ ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വിവാദങ്ങൾ മുൻകൂട്ടി കണ്ടിരുന്നോ എന്ന് സംശയിച്ചു പോയാൽ കുറ്റം പറയാൻ പറ്റില്ല. ഇന്നത്തെ ലോകത്തിന്റെ പ്രതിഫലനം.

    ഇര, വെള്ളാരംകല്ലുകൾ, യോദ്ധാവ്, കൈമാറ്റം ഇവയെല്ലാം സമൂഹത്തിന്റെ, വ്യക്തികളുടെ പെരുമാറ്റത്തിന്റെ കഥകളാണ്. അതിലെല്ലാം നീറുന്ന വികാരങ്ങളുണ്ട്. ഉള്ളിൽ സമൂഹത്തോടുള്ള പ്രതികരണമാണ്, വാർത്തകളിലും നേരിലും കണ്ട അനുഭവങ്ങളുടെ പകർന്നാട്ടങ്ങൾ.

    ഴാൻ ദാർക്ക് ഒരു മിത്തോളജിയോടെ പുനരവതരണമാണ്. യൂറോപ്പിൽ നിന്നും നമ്മൾ വായിച്ചറിഞ്ഞ കഥ ഒരു കൊച്ചു കുട്ടിയുടെ കണ്ണിലൂടെ വീണ്ടും പറയുന്നു. അച്ഛൻ മകൾക്ക് സ്കൂളിൽ അവതരിപ്പിക്കാൻ പറഞ്ഞുകൊടുക്കുന്ന കഥാപ്രസംഗം ആണ് സന്ദർഭം.

    ലൈഫ് സർട്ടിഫിക്കറ്റ് എന്ന ബാങ്ക് പശ്ചാത്തലത്തിലുള്ള കഥ പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടെ വന്ന രചനയാണ്. ഇതും, വിട്ടു പോയത് എന്ന കഥയും ബാങ്ക് പശ്ചാത്തലത്തിലാണ് ഇതൾ വിരിയുന്നത്.

    പ്രവാസത്തിന്റെ നൊമ്പരമാണ് മടക്കയാത്രയിൽ. നീണ്ടു പോകുന്ന മടക്കയാത്രകളുടെ കഥ.

    ഒരിയ്‌ക്കൽകൂടി എന്ന കഥയിലും പ്രവാസം പശ്ചാത്തലത്തിലുണ്ട്. ഒരു പക്ഷേ പുസ്തകത്തിലെ വ്യത്യസ്ഥത തോന്നിക്കുന്ന രണ്ടു കഥകളിൽ ഒന്ന്. ഒരു Emotional thriller.
    ഒരു ദിവസം ബാക്കി വച്ചത് എന്ന കഥയാണ് രണ്ടാമത്തെ Emotional thriller. മുംബൈ നഗരം. മിസ്സിംഗ്‌ ആയ ഭാര്യയെ അന്വേഷിച്ചു പോലീസ് സ്റ്റേഷനിൽ എത്തുന്ന ഭർത്താവ്. അലൈപായുതേ ഓർമിപ്പിച്ച, സമാഹാരത്തിലെ കുറച്ചു ദൈർഖ്യമുള്ള കഥ.

    ഓലപ്പന്തുകൾ, പേര് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഓലപന്തിന്റെ കാഴ്ച പോലെ നൊസ്റ്റാൾജിയ നിറഞ്ഞ ബാല്യത്തിന്റെ കാഴ്ചകളുടെ പഴയ തകരപ്പാട്ട തുറന്നു നോക്കിയത് പോലെ.

    ദോശമണം എന്നത് ആദ്യ കഥയുടെ പേരാണ്. വളരെ സാധാരണമായി പോയി അവസാനത്തെ അഞ്ചാറു വരികൾ കൊണ്ട് വേറെ ഒരു തലത്തിലേയ്ക്ക് മാറുന്ന, അസാധാരണമായി മാറുന്ന കഥ. ആദ്യ പുസ്തകത്തിലെ ആദ്യ കഥ കൊണ്ട് തന്നെ എഴുത്തുകാരൻ അമ്പരപ്പിക്കുന്നു.

    ഒറ്റയ്ക്ക് ഒറ്റയ്ക്ക് വായിച്ച കഥകൾ ഒന്നിച്ചൊരു പുസ്തകമായി വായിക്കുമ്പോൾ തീർച്ചയായും മികച്ചൊരു അനുഭവമാണ്. വ്യക്തിപരമായി എനിക്ക് തോന്നിയ ഒരേ ഒരു വിരുദ്ധ അഭിപ്രായം ഇതിനു മുമ്പ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ വായിച്ചപ്പോൾ പറഞ്ഞ അതേ അഭിപ്രായമാണ്. ഒരേപോലെയുള്ള കഥകൾ വായിക്കുമ്പോൾ തോന്നുന്ന ഒരു വിരസത. കഥാപാത്രങ്ങളിൽ ചിലത് പല കഥകളിൽ ആവർത്തിക്കുന്നതായി തോന്നി, ചിലതിലൊക്കെ gender മാറി വരുന്നതായും. Character arcൽ ന്യൂനതകൾ തോന്നി, ചിലപ്പോൾ ലഘുകഥകൾ ആയതിനാലാകാം.

    സ്വപ്നരാജ് സാറിന്റെ കഥകളിലെ ഏറ്റവും നല്ലവശം കഥകളിലെ imagery ആണ്. വാക്കുകൾ കൊണ്ട് സൃഷ്ടിക്കുന്ന ലോകം നമുക്ക് മുന്നിൽ ദൃശ്യങ്ങളിൽ തെളിഞ്ഞു വരും. പതിയും, ബാല്യത്തിലെ കുട്ടികളും, ആ വാഗൺ ആർ കാറും, റെയിൽവേ സ്റ്റേഷനും, ലിഫ്റ്റും, പൂച്ചക്കുഞ്ഞുങ്ങളും, ആ ബ്യുഗിളും, മരുഭൂമിയും, ഓലപ്പന്തും, കണ്ണടയും, പീപ്പിയും, തൊപ്പിയും, വാച്ചും, കാറ്റാടിയും.

    ഇനി ഞാൻ കാത്തിരിക്കുന്നത് സാറിന്റെ നോവലിനാണ്.

Add a review

Vendor Information